ബന്ദര്‍ സെരി ബെഗവാന്‍ : ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായ ബ്രൂണെയിലെ രാജകുമാരന്‍ അഹ്ദുള്‍ മതീന്‍ വിവാഹം കഴിക്കുന്നത് രാജകുടുംബത്തിന് പുറത്തുള്ള സാധാരണക്കാരിയായ യുവതിയെ. 32-കാരനായ രാജകുമാരന്‍ 29-കാരിയായ യാങ് മുളിയ അനിഷ റോസ്‌നഹയെയാണ് വിവാഹം ചെയ്യുന്നത്.
വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ സ്വര്‍ണത്താഴിക്കുടമുള്ള പള്ളിയില്‍ വെച്ച് മുസ്ലീം മതാചാര പ്രകാരമാണ് വിവാഹം നടക്കുക. വിവാഹത്തിന്റെ ഭാഗമായി പത്തു ദിവസത്തോളം നീണ്ട ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം ചക്രവര്‍ത്തിയായിരുന്ന വ്യക്തിയും ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളുമായ ബ്രൂണെയോയിലെ സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ പത്താമത്തെ മകനാണ് മതീന്‍. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ താരം കൂടിയാണ് ഇദ്ദേഹം.
സുല്‍ത്താന്റെ പ്രധാന ഉപദേശകരിലൊരാളുടെ കൊച്ചുമകളായ മതീനിന്റെ വധു യങ് മുലിയ അനിഷ, ഫാഷന്‍ ഒരു ബ്രാന്‍ഡിന്‍റെയും ടൂറിസം ബിസിനസിന്റെയും ഉടമയുമാണ്. അന്താരാഷ്ട്ര തലത്തിലുള്ള നിരവധി ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും വിവാഹത്തില്‍ അതിഥികളായെത്തുമെന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും വലിയ ധനിക രാജ്യങ്ങളിലൊന്നായ ബ്രൂണെയില്‍ ഏകദേശം 4,50,000 ജനങ്ങളാണുള്ളത്. പൂര്‍ണമായും രാജവാഴ്ചയുള്ള ഇവിടെ കടുത്ത ഇസ്ലാമിക് നിയമങ്ങളാണ് നിലനിൽക്കുന്നത്.