ബ്രസല്‍സ്: ബ്രസല്‍സില്‍ കഴിഞ്ഞ മാസം സ്‌ഫോടനമുണ്ടായപ്പോള്‍ മുസ്ലിംങ്ങള്‍ ആഘോഷിച്ചെന്ന് ബെല്‍ജിയം ആഭ്യന്തര മന്ത്രി ജാന്‍ ജംബോണ്‍. രാജ്യത്തെ മുസ്ലിംകളില്‍ വലിയൊരു വിഭാഗം ആക്രമണം നടക്കുമ്പോള്‍ നൃത്തം ചെയ്യുകയായിരുന്നുവെന്നാണ് ജംബോണ്‍ ആരോപിച്ചത്. രാജ്യത്തെ കുടിയേറ്റ നയത്തെയും ഡീ സ്റ്റാന്‍ഡേഡ് ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം ബ്രസല്‍സിലെ ഏറ്റവും വലിയ കുടിയേറ്റ പ്രദേശമായ മോളന്‍ബിക്കിലെ മുസ്ലിം താമസ സ്ഥലങ്ങളില്‍ പാരീസ് അക്രമണത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെതിരെ അതിക്രമമുണ്ടായെന്ന് ജംബോണ്‍ പറഞ്ഞു. ‘പാരീസ് അക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സാലിഹ് അബ്ദുസ്സലാമിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ കല്ലുകളും കുപ്പികളുമെറിഞ്ഞു. ഇതാണ് യാഥാര്‍ഥ പ്രശ്‌നം. ഭീകരാവാദികളെ നമുക്ക് പിടികൂടാനും സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യാനും കഴിയും. പക്ഷേ അവര്‍ മുറിവുകള്‍ തന്നെയാണ്. ക്യാന്‍സര്‍ കൈകാര്യം ചെയ്യാന്‍ ബുന്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കുറച്ച് വൈകിയാണെങ്കിലും നമുക്ക് അത് ശരിയാക്കാന്‍ കഴിയും’ അദ്ദേഹം പറഞ്ഞു.
2014ല്‍ നിലവില്‍ വന്ന സഖ്യ സര്‍ക്കാര്‍ മന്ത്രിസഭയിലെ അംഗമാണ് ജംബോണ്‍. ബ്രസല്‍സ് ആക്രമണത്തെ തുടര്‍ന്ന് ഇദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ മാസം രാജ്യത്തെ വിമാനത്താവളത്തിലും മെട്രോ സറ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്.