മധ്യപ്രദേശ്: മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പര്‍ദേശിപുര പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫിറോസ് ഗാന്ധി നഗറിലാണ് 35 കാരനായി യുവാവ് മര്‍ദ്ദനത്തിനിരയായത്.
കൗമാരക്കാരനായ മകന്റെ മുന്നില്‍ വച്ചാണ് പൊലീസ് ഇയാളെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ യുവാവാണ് ആദ്യം പൊലീസുകാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.
വീഡിയോ ദൃശ്യങ്ങളിലുള്ള രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി സിറ്റി പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും പൊലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി വ്യക്തമാക്കി. യുവാവ് പുറത്തിറങ്ങിയ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ലെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് വിശദീകരണം നല്‍കാന്‍ വേണ്ടിയാണ് അയാളെ തടഞ്ഞതെന്നും പൊലീസ് പറഞ്ഞു.
Policemen in Indore brutally beating a man for not wearing a mask (which he should) while his child cries, pleading infront of the cops. @ChouhanShivraj will your shameless policemen do the same to PM Modi or BJP leaders who say "no need to wear mask"?
https://t.co/8Ilo7HmLzg— Gaurav Pandhi (@GauravPandhi) April 6, 2021
കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളെ യുവാവ് കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ പേരില്‍ മറ്റ് കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ പിതാവിന്റെ മാസ്‌ക് താടിയുടെ താഴെയായിരുന്നുവെന്നും തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്നുമാണ് യുവാവിന്റെ മകന്റെ പ്രതികരണം.