ബെംഗളൂരു: രാജ്യത്തെ ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെ പോലെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ക്ഷേത്ര പരിസരത്തെ മുസ്ലീം വ്യാപാരികളുടെ കടകള്‍ അടിച്ചു തകര്‍ത്ത ശ്രീരാമ സേനാ പ്രവര്‍ത്തകരുടെ അക്രമത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യെദ്യൂരപ്പ. കര്‍ണാടകയില്‍ ഹിന്ദുത്വ അനുകൂല സംഘടനകള്‍ നടത്തുന്ന വര്‍ഗീയ സംഭവങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
”ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെപ്പോലെ, ഒരമ്മയുടെ മക്കളെ പോലെ ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം. രാജ്യത്തെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുത്. മതത്തിന്റെ പേരില്‍ രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം” യെദ്യൂരപ്പ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടക ധര്‍വാഡ് ജില്ലയിലെ ക്ഷേത്ര പരിസരത്തെ മുസ്ലീം വ്യാപാരികളുടെ കടകള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്തത്. നഗ്ഗിക്കേരി ഗ്രാമത്തിലെ ഹനുമാന് ക്ഷേത്രത്തിന് സമീപം തണ്ണിമത്തന് വില്‍പ്പന നടത്തിയിരുന്ന മുസ്ലീം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കര്‍ണാടകയില്‍ ഒന്നിന് പുറകെ ഒന്നായി നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഉഡുപ്പി ജില്ലയില്‍ ഹിജാബില്‍ നിന്ന് ആരംഭിച്ച വിവാദം, ഇപ്പോള്‍ മുസ്ലീം കച്ചവടക്കാര്ക്കെതിരെയുളള വിദ്വേഷ പ്രചാരണങ്ങളില്‍ വരെ എത്തിനില്‍ക്കുകയാണ്.