ബി.എസ്.ഇ. 222 കമ്പനികളുടെ ഓഹരികള്‍ നീക്കം ചെയ്തു;ബുധനാഴ്ച വ്യാപാരം ഉണ്ടാവില്ല

മുംബൈ: ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ.) 222 കമ്പനികളുടെ ഓഹരികള്‍ നീക്കം ചെയ്തു. കഴിഞ്ഞ ആറു മാസമായി ഇവയുടെ വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച മുതല്‍ ഇവയുടെ വ്യാപാരം ഉണ്ടാവില്ല.
വ്യാജ കമ്പനികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിത്.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇതിനോടകം രണ്ടു ലക്ഷത്തിലേറെ വ്യാജ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ ‘സെബി’യാകട്ടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 331 കടലാസ് കമ്പനികളുടെ വ്യാപാരം അവസാനിപ്പിക്കാന്‍ എക്‌സ്‌ചേഞ്ചുകളോട് ആവശ്യപ്പെട്ടിരുന്നു.

ജൂലായ് നാലു മുതല്‍ 210 കമ്പനികളുടെ ഓഹരികളാണ് നീക്കം ചെയ്യുന്നത്. ഇതിനു പുറമെ, നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ.) നീക്കം ചെയ്ത കമ്പനികള്‍ കൂടി ബി.എസ്.ഇ. ഡീലിസ്റ്റ് ചെയ്യും. ഏഷ്യന്‍ ഇലക്ട്രോണിക്‌സ്, ബിര്‍ള പവര്‍ സൊലൂഷന്‍സ്, ക്ലാസിക് ഡയമണ്ട്‌സ്, ഇന്നവെന്റീവ് ഇന്‍ഡസ്ട്രീസ്, പാരമൗണ്ട് പ്രിന്റ് പാക്കേജിങ്, എസ്.വി.ഒ.ജി.എല്‍. ഓയില്‍ എന്നീ കമ്പനികള്‍ ഇതില്‍ പെടുന്നു. ഇതിനു പുറമെ, അടച്ചുപൂട്ടുന്ന കമ്പനികളും ഡീലിസ്റ്റ് ചെയ്യുന്നുണ്ട്.

നിര്‍ബന്ധിതമായി കമ്പനികളുടെ ഓഹരികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍നിന്ന് നീക്കം ചെയ്താല്‍, അത്തരം കമ്പനികള്‍ക്കോ സഹോദര സ്ഥാപനങ്ങള്‍ക്കോ ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്താന്‍ നിയന്ത്രണമുണ്ടാകും. ഡീലിസ്റ്റ് ചെയ്യുന്ന കമ്പനികളിലെ ഓഹരി ഉടമകളില്‍നിന്ന് ഓഹരികള്‍ മടക്കി വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.

ബി.എസ്.ഇ. നിശ്ചയിക്കുന്ന ഒരു സ്വതന്ത്ര മൂല്യനിര്‍ണയ സ്ഥാപനം കണക്കാക്കുന്ന മൂല്യത്തിലായിരിക്കണം ഓഹരികള്‍ മടക്കി വാങ്ങേണ്ടത്. ഇതുവഴി ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കുകയാണ് സെബി ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളിലും ഓഹരി വിപണിയില്‍നിന്ന് ഇത്തരത്തിലുള്ള തിരുത്തല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.

Top