പാക്ക് ഭീകരര്‍ക്കു നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം അതിര്‍ത്തി രക്ഷാസേന കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മിരീലെ ഇന്ത്യയും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അര്‍ണിയ സെക്ടറില്‍ പാക്ക് ഭീകരര്‍ക്കു നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം അതിര്‍ത്തി രക്ഷാസേന കണ്ടെത്തി.

ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്ക് പ്രകോപനം ശക്തമായി തുടരുകയാണ്. വെടിവയ്പും ഷെല്ലിങ്ങും നടത്തി പാക്ക് സേനയുടെ പ്രവൃത്തി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണോയെന്ന സംശയം ബലപ്പെടുകയാണ്. ഭീകരുടെ നുഴഞ്ഞുകയറ്റം തടയാന്‍ നിര്‍മിച്ച വേലിയുടെ താഴെയാണ് തുരങ്കം. ഏകദേശം 14 അടിയോളം നീളമാണ് തുരങ്കത്തിനുള്ളത്.

ഇതു വഴി ഇന്ത്യയില്‍ നിരവധി ഭീകരെ പ്രവേശിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്നു ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇതിലൂടെ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നതായി ബിഎസ്എഫ് വെളിപ്പെടുത്തി.

ഈ തുരങ്കത്തിനു യുദ്ധകാലത്ത് ഉപയോഗിക്കുന്ന സ്റ്റോര്‍ റൂമിനോട് സാദൃശ്യമുണ്ട്. സൈന്യം തുരങ്കത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ഇതിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി. ഇവയക്ക് കാര്യമായ പഴക്കമില്ലായിരുന്നു.

അതിനാല്‍ സമീപ ദിവസങ്ങളില്‍ തുരങ്കത്തിനുള്ളില്‍ ആളുകളുണ്ടായിരുന്നുവെന്നു അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം ശ്രദ്ധയില്‍പെട്ടത്. ദസ്‌റ, ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു

തുരങ്കം കണ്ടെത്തിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ സൈന്യത്തിനും ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി മേഖലയില്‍ വേറെയും തുരങ്കങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഭീകരാക്രമണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിര്‍മിച്ച തുരങ്കമാണെന്നാണ് വിലയിരുത്തല്‍.

ഏഴുമാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ നുഴഞ്ഞു കയറ്റ തുരങ്കമാണിത്.

Top