ജവാന്റെ കൊലപാതകം; മോദിയുടെ 56 ഇഞ്ച് നെഞ്ച് വിരിവ് എവിടെപ്പോയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിഎസ്എഫ് ജവാനെ പൈശാചികമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ പാക്കിസ്താന്റെ ക്രൂരതയില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. സര്‍ക്കാരിന് അഴിമതിക്കാരെക്കുറിച്ച് മാത്രമാണ് ആശങ്കയുള്ളതെന്നും സൈനികരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു.

‘എവിടെപ്പോയി ആ 56 ഇഞ്ച് നെഞ്ച് വിരിവ്? രോഷത്താല്‍ ചുവന്നുതുടുത്ത കണ്ണുകള്‍? ഒന്നിനു പകരം പത്ത് തലയെടുക്കുമെന്ന പ്രഖ്യാപനം? സര്‍ക്കാരിന് ആശങ്ക അഴിമതിക്കാരെക്കുറിച്ചോര്‍ത്തു മാത്രമാണ്, സൈനികരെക്കുറിച്ചോര്‍ത്തല്ല. മോദി സൈന്യത്തെ രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. അവരുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നില്ല. രാജ്യത്തിന് മറുപടി നല്‍കിയേ തീരൂ.’ സുര്‍ജെവാല ആവശ്യപ്പെട്ടു.

ഹേംരാജ്, നരേന്ദര്‍ സിങ് എന്നിവരെ പാക്കിസ്താന്‍ പ്രാകൃതമായും പൈശാചികമായുമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി. ബിഎസ്എഫ് ജവാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കുള്ള ചോദ്യം എന്ന നിലയില്‍ ഒരു ട്വീറ്റും സുര്‍ജെവാല പോസ്റ്റ് ചെയ്തു.

‘മോദിജീ, സൈനികര്‍ ഇന്ത്യയുടെ ആത്മാവാണ്. നരേന്ദര്‍ സിങ് 9 മണിക്കൂര്‍ മര്‍ദ്ദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, കാലുകള്‍ മുറിച്ചുനീക്കി, കഴുത്ത് അറുത്തു, അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ചോദ്യം ഇതാണ്- ക്രിക്കറ്റ് ബാറ്റുകള്‍ പാകിസ്താനിലേക്ക് അയക്കുന്നതിന് പകരം നമ്മുടെ സൈനികര്‍ക്ക് വേണ്ടി താങ്കളെപ്പോഴാണ് ബാറ്റ് ചെയ്യുക(പോരാടുക)?’ സുര്‍ജെവാല ട്വീറ്റില്‍ ചോദിച്ചു.

Top