ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 27 പാക്ക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ച പാക്ക് സൈന്യത്തിന് നല്‍കിയ തിരിച്ചടിയില്‍ കുറഞ്ഞത് ഏഴ് പാക്ക് റേഞ്ചേഴേസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായും ബിഎസ്എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
മൂന്നു ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിലാണ് ബിഎസ്എഫ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തിയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് ആഭ്യന്തരമന്ത്രി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. യോഗത്തില്‍, അതിര്‍ത്തിയിലെ സൈനിക ട്രൂപ്പുകളുടെ വിന്യാസത്തെക്കുറിച്ച് സേനാ മേധാവികള്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.
വിദേശ സന്ദര്‍ശന വേളയിലും അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രി സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ബിഎസ്എഫ് മേധാവി കെ.കെ.ശര്‍മയുമായും അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
അതിര്‍ത്തിയില്‍ പാക്ക് റേഞ്ചേഴ്‌സ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് രണ്ടു കാരണങ്ങളാലാണെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണം.
ഒന്നാമതായി, മഞ്ഞുകാലം തുടങ്ങുന്നതിന് മുന്‍പേ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ തയാറായി നില്‍ക്കുന്ന ഭീകരരെ അതിന് സഹായിക്കുകയാണ് പാക്ക് സൈനിക വെടിവയ്പിന്റെ ഉദ്ദേശം. അതിര്‍ത്തി സംഘര്‍ഷഭരിതമാകുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധമാറുകയും ഭീകര്‍ക്ക് നുഴഞ്ഞുകയറുകയും െചയ്യാം.
രണ്ടാമത്, അടുത്തിടെ നിയന്ത്രണരേഖ കടന്നുചെന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുള്ള തിരിച്ചടി. ഇക്കാര്യങ്ങളും ബിഎസ്എഫ്, ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനാണ് സൈന്യത്തിന്റെ തീരുമാനം.