ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയില്‍ പാക് അതിര്‍ത്തിയോടു ചേര്‍ന്ന് തുരങ്കം കണ്ടെത്തി.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ഉപയോഗിക്കുന്ന തുരങ്കമാണിതെന്ന് സംശയമുണ്ട്.
സാംബയിലെ രാംഗഢ് സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയോടു ചേര്‍ന്ന് അതിര്‍ത്തി രക്ഷാ സേനയാണു തുരങ്കം കണ്ടെത്തിയത്.
അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണിതെന്ന സംശയത്തെ തുടര്‍ന്ന് തുരങ്കം അടച്ചതായി ബിഎസ്എഫ് അറിയിച്ചു.
രണ്ടരയടി വീതിയില്‍ 20 മീറ്ററോളം നീളത്തിലാണു തുരങ്കം ഉണ്ടാക്കിയിരിക്കുന്നത്. തുരങ്ക നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ജമ്മു മേഖലയിലെ ആര്‍എസ് പുര സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ 30 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഭീകരര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഇത്തരം തുരങ്കങ്ങള്‍.
അടുത്തിടെയായി രാജ്യാന്തര അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പലമാര്‍ഗങ്ങളിലൂടെ വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്നു കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ബിഎസ്എഫ് ഈ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.