ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തുന്നു. 14 പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. പ്ലാനില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാ സര്‍ക്കിളുകളിലും ബാധകമായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 14 പ്ലാനുകളുടെയും അടിസ്ഥാന താരിഫ് പരിഷ്‌കരിച്ച ബിഎസ്എന്‍എല്‍ വോയിസ് കോളുകള്‍, ഡാറ്റ ചാര്‍ജുകള്‍, എസ്എംഎസ് ചാര്‍ജുകള്‍ എന്നിവയ്‌ക്കൊപ്പം റോമിങ് ചാര്‍ജുകളും പുതുക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ച പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകളില്‍ പ്ലാന്‍ വൗച്ചറുകളായ 152 രൂപ, 199 രൂപ, 197 രൂപ, 399 രൂപ, 397 രൂപ, 485 രൂപ, 666 രൂപ, 699 രൂപ, 999 രൂപ, 997 രൂപ, 1499 രൂപ, 1999 രൂപ, 2399 രൂപ, എഫ്ആര്‍സി 249 എന്നിവ ഉള്‍പ്പെടുന്നു. ഈ 14 പ്ലാനുകളില്‍ 997 രൂപയുടെ വൌച്ചര്‍ നിലവില്‍ ഒരു മിനിറ്റ് അടിസ്ഥാനമാക്കിയുള്ള താരിഫിലാണ് ഉള്ളത്. ഇത് ഇനി മുതല്‍ ഒരു സെക്കന്‍ഡില്‍ അടിസ്ഥാനമാക്കിയുള്ള താരിഫ് ആയി മാറും. മറ്റ് പ്ലാനുകള്‍ ഒരു മിനിറ്റ് നിരക്കിലുള്ള താരിഫില്‍ ലഭ്യമാകും. ഈ പ്ലാനുകളുടെ വാലിഡിറ്റി, സൌജന്യ ആനുകൂല്യങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഒന്നും ഇല്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ എല്ലാ പ്ലാനുകളുടെയും താരിഫ് മാത്രമേ മാറ്റിയിട്ടുള്ളു. അത് അടിസ്ഥാന താരിഫിന് ബാധകമാണ്. ഇവ കൂടാതെ ഷോര്‍ട്ട് കോഡുകളിലേക്ക് ഔട്ട്‌ഗോയിംഗ് എസ്എംഎസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ റീചാര്‍ജ് വ്യവസ്ഥയും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പുതിയതും നിലവിലുള്ളതുമായ എല്ലാ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമായിരിക്കുമെന്നും ടെലിക്കോം കമ്പനി അറിയിച്ചു.