ബിഎസ്എൻഎൽ 4ജി: ചൈനീസ് കമ്പനികളെ ഒഴിവാക്കി

ന്യൂഡൽഹി: ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി.

ടെലികോം സാങ്കേതിക മേഖലയിലെ ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കു ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നാണു വ്യവസ്ഥ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എംപവേഡ് ടെക്നോളജി ഗ്രൂപ്പ് ഇതു സംബന്ധിച്ച ശുപാർശ ബിഎസ്എൻഎല്ലിനു നൽകി. യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്സൻ, ദക്ഷിണ കൊറിയൻ കമ്പനി സാംസങ് തുടങ്ങിയവയെ ടെൻഡറിൽ ഉൾപ്പെടുത്താം.

ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കുന്നതിനു 8,000 കോടി രൂപയുടെ ടെൻഡർ നടപടികൾ കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത്. 2ജി, 3ജി സേവനത്തിന് ഉപയോഗിക്കുന്ന 49,300 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ  ബിഎസ്എൻഎല്ലിനുണ്ട്.

Top