കൊച്ചി: ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ ഉയര്‍ന്ന ഡേറ്റ ഉപയോഗവുമായി സൂപ്പര്‍ സണ്‍ഡേ.
കഴിഞ്ഞ ഞായറാഴ്ചയാണു രാജ്യവ്യാപകമായി ബിഎസ്എല്‍എല്‍ നെറ്റ്‌വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡേറ്റ ഉപയോഗം നടന്നത്.
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഉപയോഗിച്ചത് 400 ജിബി ഡേറ്റയ്ക്കു മുകളിലാണ്. 408.54 ടിബി ഡേറ്റ ഉപയോഗിക്കപ്പെട്ടു. സൗത്ത് സോണിലാണ് ഏറ്റവും കൂടുതല്‍ ഡേറ്റ ഉപയോഗം നടന്നത്. 227.08 ജിബി ഡേറ്റ സൗത്ത് സോണില്‍ മാത്രമായി ഉപയോഗിക്കപ്പെട്ടു. കേരളത്തില്‍ ആദ്യമായി ഡേറ്റ ഉപയോഗം 100 ടിബി കടക്കുകയും ചെയ്തു. 101 ജിബി ഡേറ്റയാണു കേരള സര്‍ക്കിളില്‍ ആകെ ഉപയോഗിക്കപ്പെട്ടത്.രാജ്യത്തെ ആകെ ഡേറ്റ ഉപയോഗത്തിന്റെ നാലില്‍ ഒരു ഭാഗവും കേരള സര്‍ക്കിളില്‍ മാത്രമാണ്.
ബിഎസ്എന്‍എല്‍ സ്ഥിരമായി ലാഭത്തില്‍ പോകുന്ന സര്‍ക്കിളാണു കേരളം.
കൂടാതെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അവതരിപ്പിച്ച ശേഷം കേരള സര്‍ക്കിളിന്റെ പ്രതികരണവും മികച്ചതാണ്. അതായതു ബിഎസ്എന്‍എല്‍ വിട്ടു പോകുന്നവരെക്കാള്‍ കൂടുതല്‍ ബിഎസ്എന്‍എല്ലിലേക്കു നമ്പര്‍ ചേര്‍ക്കുന്നവരുടെ എണ്ണമാണ് അധികം. ഈസ്റ്റ് സോണില്‍ 39.13 ടിബി ഡേറ്റയും വെസ്റ്റ് സോണില്‍ 68.58 ടിബി ഡേറ്റയും, നോര്‍ത്ത് സോണില്‍ 73.75 ടിബി ഡേറ്റയും 19ാം തീയതി ഉപയോഗിക്കപ്പെട്ടു.
രണ്ടുജിബി ഡേറ്റ പ്രതിദിന സൗജന്യം ലഭിക്കുന്ന പ്ലാന്‍ അവതരിപ്പിച്ചതിനു പിന്നാലെയാണു ഡേറ്റ ഉപയോഗത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. 339 രൂപയുടെ പ്ലാനില്‍ പ്രതിദിനം രണ്ടു ജിബി ഡേറ്റയ്ക്കു പുറമെ രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്കു സൗജന്യമായി വിളിക്കാനും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യമായി വിളിക്കാനും സാധിക്കും.