ബിഎസ്എന്‍എല്‍ കമ്പനി അടുത്ത 4 മാസത്തിനുള്ളില്‍ 4 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യം 4 ജി സേവനങ്ങള്‍ വിന്യസിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്കായുള്ള പരിശോധനയിലാണ് കമ്പനി.
നിലവിലുള്ള ഉപകരണങ്ങള്‍ അപ്ഗ്രേഡുചെയ്യാനും സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്നതിനുള്ള സ്ഥലങ്ങള്‍ തിരിച്ചറിയാനും ഇതിനൊപ്പം കമ്പനി ഒരു ടെന്‍ഡര്‍ പ്രക്രിയയ്ക്കും ശ്രമിക്കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
24 മാസത്തിനിടെ 4 ജിക്കായുള്ള ചിലവ് ഏകദേശം 12,000 കോടി രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി മത്സരിക്കാന്‍ ഇതോടെ ബിഎസ്എന്‍എല്ലിന് സാധിക്കും.
കഴിഞ്ഞ മാസം സര്‍ക്കാര്‍ എംടിഎന്‍എല്ലിനും ബിഎസ്എന്‍എല്ലിനും 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തിലുള്ള ഇരു ടെലിക്കോം ഓപ്പറേറ്റര്‍മാരെയും ലയിപ്പിക്കാനും വിആര്‍എസ് നടപ്പാക്കാനും കമ്പനിയുടെ സ്വത്തുക്കളില്‍ നിന്ന് ധനസമ്പാദനം നടത്താനും ഇതിനൊപ്പം സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്തായാലും പുതിയ തീരുമാനങ്ങള്‍ കമ്പനിയില്‍ മാറ്റമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.