ഫോര്‍ജിയില്‍ പറ്റിയ പിഴവ് ഫൈവ് ജിയില്‍ ആവര്‍ത്തിക്കില്ല; ബിഎസ്എന്‍എല്‍ അതിവേഗം 5 ജിയിലേക്ക്

ആലപ്പുഴ: ഫോര്‍ജി കുതിപ്പില്‍ സ്വകാര്യ ടെലികോം കമ്പനികളുമായി മികച്ചൊരു മത്സരം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നത് വന്‍ നഷ്ടമാണ് ബിഎസ്എന്‍എല്ലിന് ഉണ്ടാക്കിക്കൊടുത്തത്. ഉപഭോക്താക്കളുടെ എണ്ണം അക്കാരണത്താല്‍ വന്‍ താഴ്ചയിലേക്ക് പോയത് കമ്പനിക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. എന്നാല്‍ ഇപ്പോളിതാ ഫോര്‍ജിയില്‍ സംഭവിച്ച പിഴവ് ഫൈവ് ജിയില്‍ നികത്താന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

സ്വകാര്യ കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം നല്‍കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുകയാണ്. 2020 ഓടെ രാജ്യത്ത് ഫൈവ് ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. ആലപ്പുഴ ജില്ലയില്‍ ബിഎസ്എന്‍എല്‍ ഫോര്‍ജി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ ബിഎസ്എന്‍എല്‍ 4 ജി സൗകര്യം ലഭ്യമായ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. ചേര്‍ത്തല മുതല്‍ അമ്പലപ്പുഴ വരെയുള്ള മേഖലയില്‍ ഫോര്‍ജി ലഭ്യമാകും.

ഇതിനോടകം തന്നെ തൊണ്ണൂറ്റി രണ്ട് ത്രീ ജി ടവറുകള്‍ ഫോര്‍ ജിയിലേക്ക് മാറി. കുട്ടനാടിന്റെ കിഴക്കന്‍ മേഖലയിലും മാവേലിക്കരയിലും ഉടന്‍ ഫോര്‍ജിയെത്തും. സിം ഫോര്‍ജിയിലേക്ക് മാറ്റാന്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിനെ സമീപിക്കണം. ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ബിഎസ്എന്‍എല്‍ ഫോര്‍ജി ലഭ്യമാണ്.

Top