bsnl worker attacked case ;26 year after accused arrested

arrest

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ശിക്ഷ ഇളവുചെയ്തു നല്‍കിയ പ്രതി 26 വര്‍ഷത്തിന് ശേഷം വീണ്ടും അറസ്റ്റില്‍.
ബിഎസ്എന്‍എല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ 26 വര്‍ഷമായി നിയമത്തിന് കീഴടങ്ങാത്ത വ്യക്തിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

മലയം ചരുവിള വീട്ടില്‍ ഡേവിഡ് ലാലി (54) ആണ് കൊച്ചിയില്‍ പിടിയിലായത്.

1988 ല്‍ ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരനായ ജോര്‍ജുകുട്ടി യോഹന്നാനെ ആക്രമിച്ച കേസില്‍ 1990 ല്‍ നെയ്യാറ്റിന്‍കര കോടതിയാണ് ഡേവിഡ് ലാലിയെ രണ്ടു വര്‍ഷം കഠിന തടവിനും ആയിരം രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം തടവ് അധികമായി അനുഭവിക്കാനും കോടതി വിധിച്ചിരുന്നു.

തുടര്‍ന്ന് ഒളിവില്‍പോയ ഡേവിഡ് ലാലി മൂന്ന് വര്‍ഷം മുമ്പ് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇതേതുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ പിഴയിലൊതുക്കി ഈ ശിക്ഷ റദ്ദു ചെയ്തു ഉത്തരവിറക്കിയത് ഏറെ വിവാദമായിരുന്നു.

സുപ്രീം കോടതി ശിക്ഷിച്ച കേസിലെ പ്രതിയെ ഒരു ദിവസംപോലും ജയിലില്‍ അടക്കാതെ ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് എച്ച്. ഹഫീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കെമല്‍പാഷ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

കോടതി വിധിക്ക് ശേഷം വീണ്ടും ഒളിവില്‍പോയ പ്രതി കൊച്ചിയില്‍ ഒരു ഫ്‌ളാറ്റിലുണ്ടെന്ന് രഹസ്യ വിവരം ജില്ലാ പോലീസ് ചീഫ് ഷെഫിന്‍ അഹമ്മദിന് ലഭിച്ചതിനെത്തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ കൊച്ചി പൊലീസും തിരുവനന്തപുരത്തു നിന്നുള്ള പോലീസ് സംഘവും ഒപ്പം ചേര്‍ന്നു. പ്രതി ഒളിവിലായിരുന്ന ഫ്‌ളാറ്റ് സമുച്ചയം വളഞ്ഞ് പുലര്‍ച്ചെ രണ്ടോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

.

Top