കേന്ദ്രബജറ്റ് അപര്യാപ്തം, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും; തോമസ് ഐസക്

തിരുവനന്തപുരം: ഇന്ത്യന്‍ സമ്പദ്ഘടന നിലവില്‍ നേരിടുന്ന മുരടിപ്പ് പരിഹരിക്കാന്‍ കേന്ദ്രബജറ്റ് അപര്യാപ്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. വായ്പാ പരിധി കൂട്ടാത്തത് പ്രളയം തകര്‍ത്ത കേരളത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനത്തിനുള്‍പ്പടെ പണം അനുവദിച്ചിട്ടില്ല. ആവശ്യങ്ങളുമായി സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. വിദേശ മൂലധനത്തെ ആകര്‍ഷിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്.

ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തി സമ്പദ്ഘടനയെ വളര്‍ത്താനുള്ള നീക്കങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. ഇന്ത്യന്‍ റെയില്‍വെയെ അടക്കം സ്വകാര്യവത്കരിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. പ്രളയം ബാധിച്ച കേരളത്തിന് യാതൊരു സഹായവും കേന്ദ്രം തന്നില്ല. അടിസ്ഥാന വികസനത്തിന് കേന്ദ്രം സഹായിച്ചില്ലെങ്കിലും വികസനപദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top