‘ഹല്‍വ തയ്യാറായി’; ബജറ്റ് 2020 വരുന്നു; ഇന്ത്യന്‍ ബജറ്റിലെ ചില ‘ചരിത്ര’ കാര്യങ്ങള്‍

2020 കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏഴ് മാസത്തിനിടെ സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. ആറ് വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലുള്ള രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള സുപ്രധാന നടപടികളാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

ബജറ്റ് രേഖകള്‍ അച്ചടിക്കുന്നതിന്റെ ഭാഗമായുള്ള ഹല്‍വ തയ്യാറാക്കല്‍ തിങ്കളാഴ്ച നടന്നു. കേന്ദ്ര ധനമന്ത്രിമാര്‍ അവതരിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബര്‍ 26ന് ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ് അവതരിപ്പിച്ചത്. 1955 വരെ ഇംഗ്ലീഷില്‍ മാത്രം തയ്യാറാക്കിയ ബജറ്റ് ഇതിന് ശേഷമാണ് ഹിന്ദിയില്‍ കൂടി തയ്യാറാക്കിയത്.

പത്ത് ബജറ്റുകള്‍ രാജ്യത്തിനായി അവതരിപ്പിച്ച റെക്കോര്‍ഡ് മൊറാര്‍ജി ദേശായിയ്ക്കാണ്. അഴിമതി കേസില്‍ ജാമ്യത്തിലുള്ള പി.ചിദംബരം എട്ട് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജി, യശ്വന്ത് സിന്‍ഹ, വൈ ബി ചവാന്‍, സി ഡി ദേശ്മുഖ് എന്നിവര്‍ ഏഴ് വീതം ബജറ്റുകള്‍ അവതരിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ഇന്ദിരാ ഗാന്ധിയാണ്. 1970-71 കാലത്ത് പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ കുറച്ച് കാലത്തേക്ക് അവര്‍ ധനമന്ത്രിയുമായി.

1973-74 കാലത്ത് അവതരിപ്പിച്ച ബജറ്റ് 550 കോടി രൂപയുടെ ധനക്കമ്മി മൂലം കറുത്ത ബജറ്റ് എന്നാണ് കുപ്രശസ്തി നേടിയത്. 2016 വരെ ഫെബ്രുവരി അവസാനത്തിലാണ് ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരണം നടന്നിരുന്നത്. 2017 മുതല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി അവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

ഇതേ വര്‍ഷം കേന്ദ്ര ബജറ്റില്‍ നിന്നും റെയില്‍ ബജറ്റ് മാറ്റി പ്രത്യേകമായി അവതരിപ്പിക്കാനും തുടങ്ങി. 92 വര്‍ഷത്തിന് ശേഷമായിരുന്നു ഈ മാറ്റം. ഒരു മുഴുവന്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതാ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. കോളനിവത്കരണ കാലത്തെ ശീലമായ ‘ബ്രീഫ്‌കേസ്’ മാറ്റി തുണിയില്‍ പൊതിഞ്ഞാണ് 2019ല്‍ രേഖകള്‍ കൊണ്ടുവന്നത്.

Top