ന്യൂഡല്‍ഹി: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കാര്യമായി പരിഗണിച്ചില്ല.
ഫാക്ടിന് 6 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ 1000 കോടി രൂപയാണ് ഫാക്ടിന് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്.
റബ്ബര്‍ വിലയിടിവ് തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാല്‍ അത് സംബന്ധിച്ച് യാതൊരു നടപടികളും ബജറ്റില്‍ ഉണ്ടായില്ല. റബ്ബര്‍ ബോര്‍ഡിന് 132 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന കൊച്ചി മെട്രോയ്ക്ക് ബജറ്റില്‍ 450 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ടീ ബോര്‍ഡിന് 129 കോടിയും കോഫി ബോര്‍ഡിന് 121 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
തകര്‍ച്ച നേരിടുന്ന ഏലം അടക്കമുള്ള നാണ്യവിളകള്‍ക്കുള്ള സഹായവും അതിവേഗ റെയില്‍പാത സംബന്ധിച്ച നിര്‍ദേശവും കേരളത്തിന്റെ പ്രതീക്ഷാപട്ടികയിലുണ്ടായിരുന്നു. എയിംസ് ആശുപത്രി, എയര്‍ കേരള പ്രഖ്യാപനം എന്നിവയും കേരളത്തിന്റെ പ്രതീക്ഷയായിരുന്നു.
സംസ്ഥാനത്തെ പരിസ്ഥിതി സൗഹൃദ ഉത്തരവാദ ടൂറിസത്തിന്റെ കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളും കശുവണ്ടി, കയര്‍, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവക്കുള്ള കൂടുതല്‍ സഹായവും കേരളത്തിന്റെ പ്രതീക്ഷയായിരുന്നു.