പ്രതിപക്ഷത്തെയും ഞെട്ടിച്ച ബജറ്റ്, ഭരണ തുടർച്ച ലക്ഷ്യമിട്ട നീക്കമോ ?

പിണറായി സര്‍ക്കാറിന്റെ ഈ അവസാന ബജറ്റും പ്രതിപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വന്‍ പ്രഹരം. ജനപ്രിയ ബജറ്റെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വിലയിരുത്താവുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യത വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷം. വന്‍ വെല്ലുവിളികളും പ്രതിസന്ധികളും മറികടന്നാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നല്‍കിയിരുന്ന 600 രൂപയാണ് ഇപ്പോള്‍ 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

1980ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചിരുന്നത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്‌കരിച്ചത് 1987ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. കോണ്‍ഗ്രസ് മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല. അതിനും 6 വര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വരേണ്ടി വന്നു എന്നതും നാം ഓര്‍ക്കണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 600 യും ആക്കി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്റെയും വികലാംഗ പെന്‍ഷന്റെയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ വീഴ്ചയാണ് യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയിരുന്നത്. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച 1,473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തിരുന്നതും പിണറായി സര്‍ക്കാര്‍ തന്നെയാണ്. ഇപ്പോള്‍ 1600 രൂപയാക്കി ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തിയതോടെ വലിയ ഒരു വിഭാഗത്തിന്റെ കഷ്ടപാടുകള്‍ക്കാണ് അറുതി വരിക.

 

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന ബജറ്റിലെ പുതിയ പ്രഖ്യാപനവും ഏറെ ശ്രദ്ധേയമാണ്. നാളികേരത്തിന്റെ സംഭരണവില 32 രൂപയും നെല്ലിന്റേത് 28 രൂപയുമാക്കിയും നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സൗജന്യ കിറ്റ് വിതരണം തുടരുന്നതോടൊപ്പം തന്നെ നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരിയാണ് ഇനി മുതല്‍ ലഭ്യമാകുക. സംസ്ഥാനത്ത് കോവിഡ് കുത്തിവയ്പ്പ് സൗജന്യമായി നല്‍കുമെന്നതാണ് മറ്റൊരു ജനകീയ പ്രഖ്യാപനം. പാവങ്ങള്‍ക്ക് സൗജന്യവും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതിയാകട്ടെ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. ഇതോടെ രാജ്യത്ത് തന്നെ വലിയ ഇന്റര്‍നെറ്റ് വിപ്ലവത്തിനാണ് കേരളം തുടക്കം കുറിക്കാന്‍ പോകുന്നത്. എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഏറെ കയ്യടി നേടിയിട്ടുണ്ട്. ദുര്‍ബലവിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കാണ് ലാപ്‌ടോപ് ലഭ്യമാക്കുക. ഇതുള്‍പ്പെടെ നിരവധി വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടവ ഇതൊക്കെയാണ്.

8 ലക്ഷം തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കുവാന്‍ പോകുന്നത്. ഇതില്‍ 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും 3 ലക്ഷം മറ്റുള്ളവര്‍ക്കുമാണ്. ആരോഗ്യവകുപ്പില്‍ 4,000 തസ്തികകളാണ് സൃഷ്ടിക്കുക. 15,000 കോടിയുടെ കിഫ്ബി പദ്ധതികളും പൂര്‍ത്തീകരിക്കും. നെല്ലിന്റെ പോലെ തന്നെ റബറിന്റെ തറവിലയും ഉയര്‍ത്തിയിട്ടുണ്ട്. കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്കായി കെഎസ്എഫ്ഇ കേരള ബാങ്ക് വായ്പകളും ലഭ്യമാക്കും. 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്കും ഇനി തുടക്കമാകും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് ലഭ്യമാക്കുക.

 

കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരങ്ങളും ഒരുക്കും. മികച്ച യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പാണ് വാഗ്ദാനം. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടിയും നീക്കിവച്ചിട്ടുണ്ട്. 30 ഓട്ടോണമസ് കേന്ദ്രങ്ങളാണ് സര്‍വകലാശാലകളില്‍ തുടങ്ങുന്നത്, ഇതിനായി കിഫ്ബി വഴി 500 കോടിയാണ് നല്‍കുക. കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴിലും നല്‍കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപയും കരകൗശല മേഖലയ്ക്ക് 4 കോടിയും ബാംബു കോര്‍പറേഷന് 5 കോടിയും നല്‍കും.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടിയാണ് നല്‍കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍ തന്നെ ആരംഭിക്കും.പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. കയര്‍മേഖലയ്ക്ക് 112 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. തരിശുരഹിത കേരളമാണ് ലക്ഷ്യമിടുന്നതെന്നാണ് ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള വിനോദ സഞ്ചാര തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡും ആരംഭിക്കും. മൂന്ന് വ്യവസായ ഇടനാഴികള്‍ക്കായി 50,000 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ നല്‍കും. കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22 ല്‍ യാഥാര്‍ഥ്യമാകും. വയോജനക്ഷേമത്തിന് 500 വയോജന ക്ലബ്ബുകളുണ്ടാക്കും. മരുന്ന് ഇനി വീട്ടിലാണ് എത്തുക.

കടല്‍ഭിത്തി നിര്‍മ്മാണത്തിനായി 150 കോടിയും. മത്സ്യമേഖലയില്‍ മണ്ണെണ്ണ വിതരണത്തിനായി 60 കോടിയും ബജറ്റില്‍ പ്രത്യേകം നീക്കി വച്ചിട്ടുണ്ട്. മൂന്നാറിലേക്ക് പൈതൃക തീവണ്ടി,തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി, കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടിയും വകയിരുത്തിയിട്ടുണ്ട്.യുവ ശാസ്ത്രജ്ഞര്‍ക്ക്, ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പാണ് നല്‍കുക. ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കാനുള്ള തീരുമാനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കാണ് ഈ ഘട്ടത്തില്‍ വീടുകള്‍ നല്‍കുക. ഇതില്‍ 20,000 പേര്‍ക്ക് ഇതിനകം തന്നെ ഭൂമിയും ലഭ്യമായിട്ടുണ്ട്. 6,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടിയും ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്.

റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സയാണ് നല്‍കുക. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകളുണ്ടാകും. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടിയും ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. ഏത് രൂപത്തില്‍ വിലയിരുത്തിയാലും മികച്ച ഒരു ജനപ്രിയ ബജറ്റ് തന്നെയാണിത്.

Top