തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ പൊലീസിലെ ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കി ഭരണ പക്ഷത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. ലൈഫ് പദ്ധതിയെ ചൊല്ലിയും ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാദപ്രതിവാദമുണ്ടാകും. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു സിഎജി റിപ്പോര്‍ട്ട് നിയമസഭയിലെത്തിച്ചത്. റിപ്പോര്‍ട്ട് ഉണ്ടാക്കിയ വിവാദം ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും സഭാ സമ്മേളനം.
റിപ്പോര്‍ട്ടിനൊപ്പം സിഎജി കണ്ടെത്തലിനപ്പുറം പുറത്തുവന്ന പൊലീസിലെ ക്രമക്കേടുകളും പ്രതിപക്ഷം ആയുധമാക്കും. ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ സഭക്കുള്ളില്‍ ഇനി പ്രതിപക്ഷം ശക്തമാക്കും. അതേ സമയം വെടിയുണ്ടയും തോക്കും യുഡിഎഫ് കാലത്തും കാണാതായത് ഭരണപക്ഷം പറയും. സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ച പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. തോക്കുകള്‍ കാണാതായില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഡിജിപിയെ വെള്ളപൂശിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടുമാകും സര്‍ക്കാറിന്റെ പ്രധാന പ്രതിരോധം.