തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണ് ബജറ്റിലുള്ളത്; ചെന്നിത്തല

കാസര്‍കോട്: കേന്ദ്ര ബജറ്റ് സ്വകാര്യവല്‍ക്കരണത്തിനായിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. റോഡ്‌  അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.  എല്‍ഐസി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. കേരളത്തിന് എയിംസ് പോലുമില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്. കോവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റില്‍ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ജനങ്ങളുടെ വരുമാനവും ക്രയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. പതിവ് പോലെ വന്‍കിട കോര്‍പ്പറേറ്റുകളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതാണ് ഈ ബജറ്റ്. കേരളത്തില്‍ ദേശീയ പാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബയ് – കന്യാകുമാരി ദേശീയ വികസനം ഉള്‍പ്പടെയുള്ളവ നേരത്തെ പ്രഖ്യാപിച്ചതും നടന്നു വരുന്നതുമായവയാണ്. പുതിയ കാര്യം പോലെ അതിന്മേല്‍ പ്രഖ്യാപനം നടത്തിയത് തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ്.  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും അത് പോലെ തന്നെ. ഇവയും കൊച്ചി മത്സ്യബന്ധന തുറമുഖ വികസനവും ഒഴിച്ചാല്‍ കേരളത്തിന് കാര്യമായി ഒന്നുമില്ല.

റബ്ബര്‍ ഉള്‍പ്പടെ കേരളത്തിന്റെ നാണ്യവിളകളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റിലില്ല. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തിയിട്ടില്ല. കേരളം വളരെക്കാലമായി ആവശ്യപ്പെടുന്ന എയിംസിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. കേരളം കാത്തിരുന്ന റെയില്‍വേ വികസന കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നടത്തിയിട്ടില്ല.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന വിനാശകരമായ രീതി തുടരുകയാണ്. എല്‍.ഐ.സി.യിലെ വിദേശനിക്ഷേപം 49 ല്‍നിന്ന് 74 ശതമാനം ആക്കി ഉയര്‍ത്തിയതോടെ ആ സ്ഥാപനം  പൂര്‍ണ്ണമായി വിദേശ കമ്പനികളുടെ പിടിയിലാവും.

കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംഭരണം തുടരുമെന്നും കാര്‍ഷിക ചെലവിന്റെ ഒന്നര ഇരട്ടി ഉറപ്പാക്കുന്ന രീതിയില്‍ താങ്ങുവില നല്‍കുമെന്നൊക്കെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തിടത്തോളം ഇതെങ്ങനെ പ്രയോഗികമാവുമെന്ന് കണ്ടറിയണം. ആദായനികുതി സ്ലാബിലും നിരക്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ശമ്പളത്തെ മാത്രം ആശ്രയിക്കുന്നവരും ഇടത്തരക്കാരും ആദായ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നതാണ്. അവരെ നിരാശപ്പെടുത്തി. കയര്‍, കശുവണ്ടി തുടങ്ങിയ കേരളത്തിന്റെ പരമ്പരാഗത വ്യവസായത്തിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളും  ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, വിത്തെടുത്ത് കുത്തി തിന്നുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് ബജറ്റ്. തൊഴിലവസരം സൃഷ്ടിക്കാന്‍ ഒന്നും ബജറ്റിലില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Top