തിരുവനന്തപുരം: ബഫര്‍സോണ്‍, കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് വനംമന്ത്രി മന്ത്രി കെ.രാജു. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുളള ജനവാസ മേഖലകളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി കെ.രാജു വ്യക്തമാക്കി.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന് ഈ റിപ്പോര്‍ട്ട് അയച്ചു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയില്‍ വിസ്തൃതിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.
ഒക്ടോബര്‍ 15നകം വനംവകുപ്പ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.