ഡൽഹി: ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം ഇന്നും തുടരും. കേരളത്തിന്റെ വാദം കോടതി കേള്‍ക്കും. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു.
ഇന്നലെ അമിക്കസ് ക്യൂറിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. കേരളമടക്കം ഉയർത്തിയ ആശങ്കയ്ക്ക് കേന്ദ്ര സർക്കാരും അമിക്കസ് ക്യൂറി കെ. പരമേശ്വറും പിന്തുണ നൽകി. വിധിയിൽ ഭേദഗതി വേണമെന്ന വാദമുഖങ്ങൾ കണക്കിലെടുക്കുമെന്ന് കോടതി പ്രതികരിച്ചു. ബഫർസോണിൽ നിയന്ത്രിക്കേണ്ട പ്രവൃത്തികളെ നിയന്ത്രിക്കുകയും, അനുവദിക്കേണ്ടവ അനുവദിക്കുകയും വേണം.
വിനോദസഞ്ചാരമടക്കം മേഖലയിലെ ജനങ്ങളുടെ ജീവനോപാധിയിൽ നിയന്ത്രണമേർപ്പെടുത്താനാവില്ല. ഖനനത്തിന്റെ നിരോധനമാണ് കോടതി ലക്ഷ്യമിട്ടത്. മണൽ നീക്കുന്ന പ്രവൃത്തികളില്ലെങ്കിൽ വെളളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന പെരിയാർവാലി സംരക്ഷണ സമിതിയുടെ വാദം ശരിയാണെന്നും ബഫർസോണിൽ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുണ്ടോ? എന്നും കോടതി.
വിധി ബഫർസോൺ മേഖലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കും. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ആയിരക്കണക്കിന് ഗ്രാമങ്ങൾ പരിസ്ഥിതി ലോല മേഖലയ്‌ക്ക് ചുറ്റും. മനുഷ്യനെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷണം കഴിയില്ല. ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയവും ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.