ആർ.എസ്.എസ് പ്രതീക്ഷിച്ചത് ലക്ഷം പേരെ, വന്നതാകട്ടെ വെറും 100 പേർ !

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത് നുറോളം പേര്‍ മാത്രം. ഒരുലക്ഷത്തിനടുത്ത് ആളുകള്‍ എത്തുമെന്നായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്.

ആര്‍.എസ്.എസിന്റെ തന്നെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് സങ്കല്‍പ രഥയാത്ര എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. ഡല്‍ഹി ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്ന് ആരഭിച്ച സങ്കല്‍പ രഥയാത്ര ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. ഈ മാസം 9 ന് ഡല്‍ഹി രാംലീലാ മൈതാനത്താണ് സമാപനം. അന്നേ ദിവസം വി.എച്ച്.പി യും രാംലീലയില്‍ റാലി നിശ്ചയിച്ചിട്ടുണ്ട്.

എന്നാല്‍ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തതെന്നും ഓരോ സ്ഥലത്ത് എത്തുന്നതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ രഥയാത്രയുടെ ഭാഗമാകുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് രാംലീല മൈതാനിയില്‍ രഥയാത്ര അവസാനിക്കുമ്പോള്‍ ആറുമുതല്‍ എട്ടുലക്ഷം വരെ ആളുകള്‍ എത്തുമെന്നും കമല്‍ തിവാരി അവകാശപ്പെട്ടു.

നവംബര്‍ 25 ന് അയോധ്യയില്‍ വിശ്വഹിന്ദുപരിഷത്തും ശിവസേനയും സംഘടിപ്പിച്ച റാലിയില്‍ ലക്ഷത്തോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിലാണ് ഭരണ സിരാകേന്ദ്രത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം വലിയതോതില്‍ കുറഞ്ഞത്.

യാത്ര ഡല്‍ഹിയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഓര്‍ഡിനന്‍സോ നീക്കം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതിയുടെ നിലപാട് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തതാണെന്നും ആര്‍.എസ്.എസ് വ്യക്തമാക്കിയിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലന്ന് ബിജെപി ദേശീയാധ്യാക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിചാരണ ജനുവരിയില്‍ തുടങ്ങുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top