മഹാരാഷ്ട്രയിലെ കെട്ടിട അപകടം; രണ്ട് ആണ്‍കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

താനെ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ കുടുംബം നഷ്ടപ്പെട്ട രണ്ട് ആണ്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എക്നാഥ് ഷിന്‍ഡെ. നാല് വയസുകാരായ രണ്ട് കുട്ടികളുടെ സംരക്ഷണമാണ് അദ്ദേഹം നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ഏറ്റെടുക്കുന്നത്.

അപകടം നടന്ന് 18 മണിക്കൂറിനു ശേഷമാണ് ആണ്‍കുട്ടികളില്‍ ഒരാളായ മൊഹമ്മദ് ബാങ്കിയെ രക്ഷപ്പെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ബാലന് നിസാര പരുക്കുകളുമുണ്ട്. അപകടത്തില്‍ മൊഹമ്മദിന്റെ അമ്മയും സഹോദരങ്ങളും മരണമടഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും മറ്റ് ചിലവുകളും സംഘടന വഹിക്കും.

തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഏഴു വര്‍ഷം പഴക്കമുള്ള അഞ്ച് നില പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ 16 പേര്‍ മരിച്ചു.

Top