ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ സംരക്ഷകരുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത് അഖ്‌ലാക് ആള്‍ക്കൂട്ടക്കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്‍.
സുബോധ് കുമാര്‍ സിംഗ് 2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ കേസ് അന്വേഷിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കുറ്റപത്രം നല്‍കുമ്പോള്‍ സുബോധ് അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇക്കാര്യം യുപി ക്രമസമാധന ചുമതലയുള്ള എഡിജിപി ആനന്ദ് കുമാര്‍ സ്ഥിരീകരിച്ചു.
2015 സെപ്റ്റംബര്‍ 28-നാണ് യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുഹമ്മദ് അഖ്‌ലാക് (52) കൊല്ലപ്പെടുന്നത്. പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. 19 പേരായിരുന്നു കേസിലെ ആരോപിതര്‍. എങ്കിലും 15 പേരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അഖ്‌ലാക്കിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യയില്‍ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നത്.
ബുലന്ദ്ഷഹറില്‍ 25 പശുക്കളുടെ ശവം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ആക്രമണത്തിലേക്ക് എത്തിയത്. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.
സുബോധിന്റെ മരണത്തില്‍ വിശദമായ അന്വേഷണവും പോസ്റ്റ്‌മോര്‍ട്ടവും നടത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് സുബോധിന്റെ മരണത്തിനു കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.