ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകം ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ അക്രമത്തിനു കാരണമായ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുമ്പോള്‍ 48 മണിക്കൂര്‍ പഴക്കം ഉണ്ടായിരുന്നതായി പൊലീസ്. അക്രമത്തിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടോ എന്ന കാര്യം പരിശോധിക്കും. മുഖ്യപ്രതി യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍, തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇല്ലെങ്കില്‍ കുടുംബത്തിലെ ഏഴ് പേരും ആത്മഹത്യ ചെയ്യുമെന്നും അക്രമത്തില്‍ കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബം പറഞ്ഞു.

ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിലായെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ബജ്‌രംഗ് ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ പശുവിനെ അറുക്കുന്നത് കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്‍ന്നു വെടിവച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസില്‍ യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാള്‍ ഉള്‍പ്പടെയുള്ളവര്‍ പിടിയിലായിട്ടില്ല.

ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ഗോസംരക്ഷകര്‍ അടിച്ചു കൊന്ന അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാര്‍. ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കാനുള്ള കാരണവും ഇതാണ്.

സംഘര്‍ഷത്തിന്റെ മറവില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്.കല്ലേറില്‍ പരിക്കേറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടര്‍ന്നാണ് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയത്. വെടിയുണ്ട തലച്ചോറില്‍ തറച്ച അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.

സുബോധ് കുമാര്‍ സിംഗിന്റെ കണ്ണിനേറ്റ വെടിയുണ്ട തലച്ചോറില്‍ മാരകമായ മുറിവേല്‍പ്പിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Top