മീററ്റ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവ് ശിഖര്‍ അഗര്‍വാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹപുര്‍ ജില്ലയില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇയാല്‍ പിടിയിലായത്.
കേസിലെ മുഖ്യപ്രതി ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്രംഗ്ദളിന്റെ ബുലന്ദ്ഷഹര്‍ ജില്ലാ കോഓര്‍ഡിനേറ്ററാണ് യോഗേഷ്. ഡിസംബര്‍ മൂന്നിന് നടന്ന ആക്രമങ്ങള്‍ക്കും കലാപത്തിനും ശേഷം ഒളിവില്‍ പോയ ഇയാള്‍ 30 ദിവസമായി ഒളിവിലായിരുന്നു.
ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു.