പൊലീസ് സ്മൃതി ദിനം കളറാക്കി ടൊവിനോ; യതീഷ്ചന്ദ്രയ്ക്കും 200 പോലീസുകാര്‍ക്കുമൊപ്പം ബുള്ളറ്റ് റാലി

തൃശ്ശൂര്‍: പൊലീസ് സ്മൃതി ദിനത്തില്‍ ഇരുനൂറ് പോലീസുകാര്‍ക്കൊപ്പം ബുള്ളറ്റോടിച്ച് ടൊവീനോ. നഗരത്തെ ആവേശത്തിലാക്കിയ വീഡിയോ കേരളാ പോലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

യൂണിഫോമിലാണ് 200ഓളം പോലീസുകാര്‍ ബുള്ളറ്റ് റാലിക്ക് പങ്കെടുത്തത്. കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കൊപ്പം കറുത്ത കോട്ടിട്ട് ടൊവീനോ സ്വന്തമായി ബുള്ളറ്റ് ഓടിച്ചാണ് റാലിയെ നയിച്ചത്. 40 കിലോമീറ്ററോളമാണ് ബുള്ളറ്റില്‍ നഗരം ചുറ്റിയത്. റാലി അവസാനിക്കും വരെ താരം പോലീസുകാര്‍ക്കൊപ്പമുണ്ടായിരുന്നു. അയ്യന്തോള്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന ചെയ്താണ് മടങ്ങിയത്.

റാലിക്ക് മണ്ണുത്തി, ഒല്ലൂര്‍, അയ്യന്തോള്‍ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പാലിയേക്കരയില്‍ നിന്ന് ഒല്ലൂര്‍ വഴിയാണ് മടങ്ങിയത്. അയ്യന്തോളില്‍ നിന്ന് തിരിച്ച് തേക്കിന്‍കാട് മൈതാനിയില്‍ തെക്കേഗോപുരനടയില്‍ റാലി അവസാനിപ്പിക്കുകയും ചെയ്തു. ചാറ്റല്‍മഴ ഉണ്ടായിരുന്നിട്ടും അതൊന്നും ഗൗനിക്കാതെ ഒരേപോലുള്ള പോലീസ് ഹെല്‍മെറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെല്ലാം റാലിയില്‍ പങ്കുചേര്‍ന്നത്.

സ്മൃതി വാചകങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പിടിച്ചുള്ള റാലി കാണാന്‍ റോഡരികില്‍ ആയിരക്കണക്കിന് ജനങ്ങളും തടിച്ചു കൂടിയിട്ടുണ്ട്. 1959ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലഡാക്കില്‍ വെച്ച് കാണാതായ പത്ത് പൊലീസുകാരുടെ ഓര്‍മ്മയ്ക്കാണ് ഒക്ടോബര്‍ 21 ഭാരതമെങ്ങും പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മരണപ്പെട്ട സേനാംഗങ്ങള്‍ക്കുള്ള ആദരവ് സമര്‍പ്പണവും, സേനയുടെ ത്യാഗവും, സേവനവും സ്മരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്.

Top