കുടിപ്പക തീര്‍ത്ത് ക്രിമിനലുകള്‍; തിരക്കേറിയ മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ ഗുണ്ടയെ വെടിവെച്ചുകൊന്നു

Shot dead

ഡല്‍ഹി: ആളുകള്‍ നോക്കി നില്‍ക്കെ മുപ്പതുകാരനെ പട്ടാപ്പകല്‍ ഒരു സംഘം വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഡല്‍ഹിയിലെ ക്രിമിനലുകളില്‍ ഒരാളായ ജിതേന്ദ്രര്‍ ഏലിയാസ് ഗോജിയും സംഘവുമാണ് യുവാവിനെ വെടിവെച്ചു കൊന്നത്. ഗോജിയുമായി തെറ്റി പിരിഞ്ഞ കൂട്ടാളിയെ തന്നെയാണ് വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു.

രോഹിണി മാര്‍ക്കറ്റിലെ റസ്റ്റോറന്റ് ഉടമയായ രവി ഭരദ്വാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഒരു സംഘം കാറിലെത്തുകയും, യുവാവിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏകദേശം പതിനഞ്ച് ബുള്ളറ്റാണ് യുവാവിന്റെ മുഖത്തു നിന്നും കഴുത്തില്‍ നിന്നും ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.

നാലു മാസത്തിനിടെ ജിതേന്ദ്രര്‍ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. യുവാവിനെ ആശുപത്രിയില്‍ എത്തുക്കുന്നതിനു മുമ്പു തന്നെ കൊല്ലപ്പെട്ടിരുന്നെന്ന് രോഹിണിയിലെ ഡിസിപി രന്‍ജേഷ് ഗുപ്ത അറിയിച്ചു. സംഭവത്തില്‍ ജിതേന്ദ്രറിനെതിരെ പോലീസ് കേസെടുത്തു.

മാര്‍ക്കറ്റില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു യുവാവിനു നേരെ മൂന്നംഗ സംഘം വെടുതിര്‍ത്തത്. വെടി ശബ്ദം കേട്ടപ്പോള്‍ ജനങ്ങള്‍ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേ സമയം വെടിയുതിര്‍ത്തവര്‍ പെട്ടന്ന തന്നെ കാറില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും വ്യക്തമാണ്.

അതേസമയം കൊല്ലപ്പെട്ട യുവാവ് നേരത്തെ, ഗോഗിയുടെ കൂട്ടാളിയായിരുന്നെന്നും അയാളൊടൊപ്പം ചേര്‍ന്ന് ഡല്‍ഹി, ഹരിയാന ഭാഗങ്ങളില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് രണ്ടു കുട്ടികളാണെന്ന് പൊലീസ് വെളിപ്പെടുത്തി.

നേരത്തെ, 2014-ല്‍ ഭരദ്വാജ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തിരുന്നു. 2013-ല്‍ ഇയാളെ പിടിച്ചു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പൊലീസ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. 2015-ല്‍ ഇയാള്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ ഭരദ്വാജ് ഗോജിയുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നെന്നുമാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.

അതേസമയം, കസ്റ്റഡിയിലായിരുന്ന ഗോഗിയെ പൊലീസ് ജിന്ദ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടിക്കാന്‍ പല ശ്രമങ്ങള്‍ പൊലീസ് നടത്തിയെങ്കിലും പിടികിട്ടിയിരുന്നില്ല. ഇതിനിടെയാണ് കുടിപക തീര്‍ക്കാന്‍ ഗോജി പുറത്ത് ഇറങ്ങിയത്.

ജിതേന്ദ്രര്‍ ശത്രുക്കളുടെ മുഖത്ത് മാത്രമാണ് വെടിവയ്ക്കാറ്. വെടിയുതിര്‍ത്ത്ത് ഇയാള്‍ തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് ഭരദ്വാജിന്റെ മുഖത്ത് വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു.

Top