കോട്ടയം: ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഇന്നലെ സംസ്ഥാനം മുഴുവന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയത്.
മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരെ ഈരാറ്റുപേട്ട പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
പാലക്കാട് സ്വദേശികളാണ് തങ്ങളെന്നും ഹോട്ടല്‍ ജീവനക്കാരാണെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
മുഹമ്മദ് നസീഫ്, അഖില്‍, അജിത്, ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സി.ഐ. സി.ജി.സനല്‍കുമാര്‍ പറഞ്ഞു.
ബൈക്കുകളിലെത്തിയ ഇവരെ ഈരാറ്റുപേട്ടയ്ക്കടുത്ത് കളത്തൂക്കടവില്‍ വെച്ച് വാഹനപരിശോധനയ്ക്കായി മേലുകാവ് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയിരുന്നില്ല.
ആദ്യംപോയ ബൈക്ക് നിര്‍ത്താതെ അതിവേഗം പാഞ്ഞുപോകുകയായിരുന്നു. ഇതോടെ പൊലീസ് ബൈക്കിനെ പിന്തുടര്‍ന്നു.
പിറകെയെത്തിയ രണ്ട് ബൈക്കുകള്‍ പൊലീസ് ജീപ്പിനെ മറികടന്ന് മാര്‍ഗതടസം സൃഷ്ടിച്ച് മുന്നോട്ടു പോയി.
ഇതോടെ പന്തികേട് തോന്നിയ മേലുകാവ് പൊലീസ് ഈരാറ്റുപേട്ട പൊലീസില്‍ വിവരമറിയിച്ചു.
ഇതോടെ കളത്തൂക്കടവ് റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് മൂന്നു ബൈക്കുകളും ആറ് പേരെയും പൊലീസ്‌കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുന്നില്‍പോയ ബൈക്കിന് രേഖകള്‍ ഇല്ലാതിരുന്നതിനാലാണ് നിര്‍ത്താതെ പോയതെന്നാണ് യുവാക്കള്‍ പൊലീസിനോട് വിശദീകരണം നല്‍കിയത്.
കൂടെയുള്ളവരെ പിടികൂടിയാല്‍ ശബരിമല യാത്ര മുടങ്ങുമെന്നും കരുതിയെന്നും, അതിനാലാണ് പൊലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച് ആദ്യ ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്.
പെല്ലറ്റ് കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോള്‍ അത് മാറ്റിവയ്ക്കുവാന്‍ മറന്നതാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.