തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തല്‍; മുണ്ടക്കയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

harthal

കോട്ടയം: ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയ പി.സി.ജോര്‍ജ് എംഎല്‍എ തൊഴിലാളികള്‍ക്കു നേര്‍ക്കു തോക്കുചൂണ്ടിയതില്‍ പ്രതിഷേധിച്ച് മുണ്ടക്കയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. തൊഴിലാളി യൂണിയനുകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാന്റേഷന്‍ റബര്‍ എസ്റ്റേറ്റില്‍ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയപ്പോഴാണ് എംഎല്‍എ പ്രതിഷേധക്കാര്‍ക്കു നേരെ തോക്കുചൂണ്ടല്‍ പ്രയോഗം നടത്തിയത്.

തോക്കു ചൂണ്ടിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ വധ ശ്രമത്തിനും അസഭ്യം പറഞ്ഞതിനും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വേലി പൊളിക്കാന്‍ എത്തുന്ന തൊഴിലാളികള്‍ക്കെതിരെ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്കുകാരോട് പി.സി പറഞ്ഞതായി തൊഴിലാളികള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ എസ്റ്റേറ്റില്‍ തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എസ്റ്റേറ്റില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് പോകാന്‍ വഴിയില്ലാത്തതിനാല്‍ പ്രശ്‌നത്തിന്റെ പേരില്‍ കാലങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്.

സമരം നടക്കുമ്പോഴാണ് താന്‍ സ്ഥലത്തെത്തിയതെന്നും താന്‍ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലര്‍ തന്നെ ആക്രമിക്കാന്‍ അടുത്തുവന്നുവെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്കായാണ് താന്‍ തോക്കെടുത്തതെന്നും പി.സി.ജോര്‍ജ് അറിയിച്ചിരുന്നു.

Top