ബുള്ളി ബായ് ആപ്പ് കേസ്, മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍

മുംബൈ: ആപ്പ് വഴി മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ മുഖ്യപ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തെന്ന് മുംബൈ പൊലീസ്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. മുംബൈ സൈബര്‍ സെല്‍ വിഭാഗം യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ കേസില്‍ അറസ്റ്റിലായ 21കാരന്‍ വിശാല്‍ കുമാറും യുവതിയും പരസ്പരം അറിയുമെന്ന് പൊലീസ് വ്യക്തമാക്കി.

യുവതി മൂന്നു അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നയിച്ചത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖല്‍സാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബര്‍ 31ന് മറ്റു അക്കൗണ്ടുകളും ഇയാള്‍ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖല്‍സ പേരുകളിലേക്ക് മാറ്റി. ‘ബുള്ളിബായ്’ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും ആപ്പിന്റെ പ്രചാരണം നടത്തിയിരുന്നു. ഖാലിസ്ഥാനി ചിത്രമാണുണ്ടായിരുന്നത്.

എന്‍ജിനീയറിങ് വിദ്യാര്‍ഥി വിശാല്‍ കുമാറിനെ ബംഗളൂരുവില്‍ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയിരുന്നത്. ഇയാളെ ബാന്ദ്ര കോടതി ജനുവരി പത്തു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചാണ് ‘ബുള്ളി ബായ്’ എന്ന പേരില്‍ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ആപ്പില്‍ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വയ്ക്കുകയായിരുന്നു.

ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ‘സുള്ളി ഡീല്‍സി’നു ശേഷമാണ് സമാനമായ ക്യാമ്പെയിന്‍ തുടങ്ങിയത്. സുള്ളി ഡീല്‍സ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.

 

Top