ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 273 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റുവീശുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. മത്സരത്തില്‍ അഫ്ഗാന്റെ നാല് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ്. ഇപ്പോള്‍ ബുമ്രയുടെ ആദ്യ വിക്കറ്റ് സെലിബ്രേഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മത്സരത്തില്‍ നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒരുമിച്ച ഹഷ്മത്തുള്ള ഷഹീദി- അസ്മത്തുള്ള ഒമര്‍സായി സഖ്യം നടത്തിയ രക്ഷാപ്രവര്‍ത്തനം പൊരുതാനുള്ള ടോട്ടല്‍ സമ്മാനിച്ചു. 88 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 69 പന്തുകളില്‍ നിന്ന് ഒമര്‍സായ് 62 റണ്‍സും അടിച്ചു. ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച അഫ്ഗാനെ പക്ഷേ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍കസ് റാഷ്ഫോര്‍ഡിന്റെ ഗോളാഘോഷത്തെ ഓര്‍മ്മിപ്പിക്കുന്ന പോലെയായിരുന്നു ബുമ്ര തന്റെ ആദ്യ വിക്കറ്റ് ആഘോഷിച്ചത്. ആറാം ഓവറില്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോളാണ് ബുമ്ര റാഷ്ഫോര്‍ഡിനെ അനുകരിച്ചത്. വലത്തേ കൈയുടെ ചൂണ്ടുവിരല്‍ നെറ്റിയിലേക്ക് ചൂണ്ടി തലകുനിച്ച് നിന്ന് ചിരിക്കുകയാണ് ബുമ്ര ചെയ്തത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്തുന്നത്.