ഇളയരാജയുടെ സഹോദരനിൽ നിന്നും തട്ടിയെടുത്ത ബംഗ്ലാവിന് ‘മോചനം’

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ബെനാമി സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. സംഗീത സംവിധായകന്‍ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയ ഫാമും ബംഗ്ലാവും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈ നഗരത്തിനു പുറത്ത് ഒഎംആര്‍ റോഡില്‍ പയ്യന്നൂര്‍ എന്ന സ്ഥലത്തെ ബംഗ്ലാവ് ഉള്‍പ്പെടെ 24 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും.

1994 ല്‍ ഗംഗൈ അമരനെ ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്കു വിളിച്ചു വരുത്തി ഫാമും ബംഗ്ലാവും അവര്‍ക്ക് ഏറെ ഇഷ്ടമായെന്നും വില്‍ക്കണമന്നും ശശികല ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി 13.1 ലക്ഷം രൂപയ്ക്ക് എഴുതിവാങ്ങി. ഇതിനെതിരെ അദ്ദേഹം കേസ് നടത്തിയിരുന്നു. 24 ഏക്കറോളം ഭൂമിക്കും ഫാം ഹൗസിനും കൂടി ഏകദേശം 100 കോടി രൂപയുടെ മൂല്യം കണക്കാക്കുന്നു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്‍പ് ശശികലയ്ക്കു നല്‍കിയ നോട്ടിസ് വായിച്ചു. തുടര്‍ന്നു ചെണ്ട കൊട്ടിയാണു ബംഗ്ലാവും സ്ഥലവും ഏറ്റെടുത്തത്. ശശികലയുടെയും ബന്ധുക്കളുടെയും പേരിലുള്ള 1900 കോടി വിലമതിക്കുന്ന 84 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. 66 കോടിയോളം രൂപയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 4 വര്‍ഷം ശശികല ജയിലിലായിരുന്നു.

Top