ജമ്മുകശ്മീര്‍: നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും 14,400 ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ അനുമതി. ഇതിനായി കേന്ദ്രം 415 കോടി രൂപ അനുദിച്ചെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലും,നിയന്ത്രണ രേഖയിലും താമസിക്കുന്ന ജനങ്ങളുടെസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് ഇക്കാര്യം നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിര്‍ത്തില്‍ നിന്ന് 5 കിലോമീറ്റര്‍ വരെയുള്ള എല്ലാ കെട്ടിടങ്ങളെ കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്നും, അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി വേണം ബങ്കര്‍ നിര്‍മ്മിക്കാനെന്നും സര്‍ക്കാരിനോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലത്തിലായിരിക്കണം ബങ്കര്‍ നിര്‍മ്മിക്കേണ്ടതെന്നും അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും മുൻഗണന നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിര്‍മ്മാണത്തില്‍ കേന്ദ്ര പൊതു നിര്‍മ്മാണ ഡിപ്പാര്‍ട്ട്‌മെന്റിനേയും, ദേശീയ കെട്ടിട നിര്‍മ്മാണ കോര്‍പ്പറേഷനേയും ഉള്‍പ്പെടുത്തുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അതേ സമയം, ജമ്മുവിലെ 60 ബങ്കറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും, ഇതിനായി 2.945 കോടി രൂപ ചിലവായെന്നും മെഹബൂബ പറഞ്ഞു. ജമ്മുവിലെ ബങ്കറുകള്‍ക്കായി മൂന്നു കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.