രാഷ്ട്രീയനീക്കങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് ; പ്രധാനമന്ത്രിക്ക് മുന്‍ ഉദ്യോഗസ്ഥരുടെ കത്ത്‌

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതികേസിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുന്‍ ഉദ്യോഗസ്ഥരുടെ കത്ത്. ഇത്തരം നീക്കങ്ങള്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. കേസില്‍ നാല് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരെയാണ് കത്ത്.

രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ക്രിമിനല്‍ നടപടികളുടെ ഭാരം വഹിക്കുന്നവരായി ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പരിരക്ഷയും ലഭിക്കാറില്ലെന്ന ആശങ്കയെ ഈ നടപടികള്‍ സ്ഥിരീകരിക്കുകയാണെന്നും മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാഷ്ട്രീയനിലപാടുകളുടെ വ്യത്യാസമില്ലാതെ എല്ലാ ഭരണകൂടങ്ങളും കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ തങ്ങള്‍ കുറ്റക്കാരെന്ന നിലപാട് മനസില്‍ സൂക്ഷിക്കുന്നവരാണെന്നും കത്തില്‍ വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇത്തരം ആസൂത്രിത നീക്കത്തിന്റെ പേരില്‍ മനസ് മടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പ്രാധാന്യമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ആസൂത്രണം ചെയ്യുന്നതിനും പരിശോധിക്കുന്നതിനും മുമ്പായി ഉദ്യോഗസ്ഥര്‍ ആ പദ്ധതികള്‍ നീട്ടി വച്ചാല്‍ അതിശയിക്കാനില്ല, കാരണം വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകാതിരിക്കും എന്നതില്‍ യാതൊരു ഉറപ്പും ഇല്ലെന്നും കത്തില്‍ പറയുന്നു. തീരുമാനം എടുക്കുന്ന സമയത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അവ വീണ്ടും നടപ്പാക്കാനാകുന്ന തരത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും അവര്‍ പറയുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരാകുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്ന രാഷ്ട്രീയഘടകങ്ങളെ ശിക്ഷ ഉറപ്പു വരുത്തുന്നതില്‍ ഭരണസംവിധാനങ്ങള്‍ യാതൊരു ശ്രമവും നടത്താതിരിക്കുന്നത് വാസ്തവത്തില്‍ വിഡ്ഢിത്തമാണ്. അതേസമയം തന്നെ മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തിന് വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരെ സാങ്കേതിക അടിസ്ഥാനങ്ങളില്‍ മാത്രം അറസ്റ്റ് ചെയ്യുന്നു. നീതി എന്ന ആശയം മുന്‍ നിര്‍ത്തി ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പഞ്ചാബ് മുന്‍ ഡിജിപി ജൂലിയോ റിബേറിയോ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ നീതിആയോഗ് സിഇഒ സിന്ധുശ്രീ ഖുള്ളറെ ഉള്‍പ്പെടെ നാല് പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ മാസം അവസാനമാണ് കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് അനുമതി നല്‍കിയത്.

ഖുള്ളറെ കൂടാതെ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മുന്‍ സെക്രട്ടറി അനുപ് കെ പൂജാരി, ധനകാര്യ വകുപ്പ് മുന്‍ ഡയറക്ടര്‍ പ്രബോദ് സക്‌സേന, സാമ്പത്തികകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Top