കോഴിക്കോട്: ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ കേരളത്തിലെത്തും. എന്നാല്‍ കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായാണ് കേരളത്തില്‍ പ്രവേശിക്കുക. ഇതോടൊപ്പം ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.
ചെയ്യേണ്ടതും ചെയ്യരുതാത്തതും
-കിംവദന്തികള്‍ അവഗണിക്കുക. പരിഭ്രാന്തരാകരുത്.
-കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.
-കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാന്‍ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുക.
-സര്‍ട്ടിഫിക്കറ്റുകള്‍, പ്രമാണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള രേഖകള്‍ വാട്ടര്‍ പ്രൂഫ് ബാഗില്‍ സൂക്ഷിക്കുക.
-സുരക്ഷയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.
അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
-കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ സുരക്ഷയ്ക്കായി അഴിച്ചുവിടുക.
-മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകള്‍, റാഫ്റ്റുകള്‍ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
-ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ ഒരു കാരണവശാലും ഇറങ്ങരുത്.
-അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക.
ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും
-ഇലക്ട്രിക്ക് മെയിന്‍, ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുക.
-വാതിലും ജനലും അടച്ചിടുക.
-വീട് സുരക്ഷിതമല്ലെങ്കില്‍ ചുഴലിക്കാറ്റിന് മുന്‍പ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.
-റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.
-തിളപ്പിച്ച/ശുദ്ധീകരിച്ച വെളളം കുടിക്കുക.
പുറത്താണെങ്കില്‍
-സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവേശിക്കരുത്.
-തകര്‍ന്ന തൂണുകള്‍, കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
-എത്രയും വേഗം സുരാസുക്ഷിതമായ സ്ഥലത്ത് അഭയം തേടുക.
-അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക