ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം; കേരള തീരത്ത് ആശങ്ക വേണ്ട

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം. നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തുകയുള്ളൂ. ബുറേവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദം ആകും. എങ്കിലും ശക്തമായ കാറ്റും മഴയും ഇതു കടന്നുപോകുമ്പോള്‍ പ്രതീക്ഷിക്കണം.

 

ഇതിന്റെ പശ്ചാത്തലത്തില്‍ പൊന്‍മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ എത്തിക്കും. നാളെ പകല്‍ തമിഴ്നാട്ടില്‍ തിരുനെല്‍വേലിക്കും തെങ്കാശിക്കും ഇടയിലൂടെ കേരളം ലക്ഷ്യമാക്കി നീങ്ങുമ്പോഴും ചുഴലിക്കാറ്റിന് 75 കി.മി വരെ വേഗമുണ്ടാകും. ഇത് കേരളത്തില്‍ എത്തുമ്പോള്‍ 60-65 കി.മി ലേക്ക് കുറയും എന്നാണ് പ്രതീക്ഷിക്കേണ്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലൂടെയാണ് അറബിക്കടലിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് പ്രതീക്ഷിക്കുന്ന സഞ്ചാരപഥം. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഇന്ന് രാത്രിയോടെ തെക്കൻ കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥ മാറിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകും. കൊല്ലത്ത് തീരമേഖലക്ക് പുറമേ കോട്ടാരക്കര പുനലൂ‍ർ പത്തനാപുരം പ്രദേശവും ജാഗ്രതയിലാണ്. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും നിരോധനമുണ്ട്. കേരള തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ജില്ലകളിൽ കൺട്രോൾ റൂം തുറക്കുകയും സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിലവിൽ 217 ദുരിതാശ്വാസക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Top