തിരുവനന്തപുരം: ഇന്ത്യന്‍ തീരത്തിനടുത്തെത്തിയ ‘ബുറെവി’ ചുഴലിക്കാറ്റ് വീണ്ടും ദുര്‍ബലമായതായി കേന്ദ്രകാലാവസ്ഥാനിരീക്ഷണ വകുപ്പ്. നിലവില്‍ രാമനാഥപുരത്തിനടുത്താണ് ന്യൂനമര്‍ദ്ദമുള്ളത്. തമിഴ്‌നാട് തീരം തൊടുമ്പോഴേയ്ക്ക് തന്നെ ബുറെവിയുടെ വേഗത കുറയും. തമിഴ്‌നാട്ടിലെത്തും മുമ്പേ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍ കേരളത്തിലേക്ക് ബുറെവി എത്താന്‍ സാധ്യത തീരെക്കുറവാണ്.
ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തന്നെ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. വീണ്ടും തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായാകും രാമനാഥപുരം വഴി തമിഴ്‌നാട്ടിലേക്ക് എത്താന്‍ സാധ്യതയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് നാല് മണിയോടെ തുറക്കും. സര്‍വീസുകള്‍ അതിന് ശേഷമാകും തുടങ്ങുക.
എന്നാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. പുതുച്ചേരി തീരത്തും കനത്ത മഴയാണ് പെയ്യുന്നത്. അതേസമയം, ഡിസംബര്‍ ആറ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.