ബുറേവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 19 മരണം;കേരളത്തിൽ ജാഗ്രത തുടരുന്നു

ചെന്നൈ: ബുറേവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 19 മരണം. ചെന്നൈ നഗരത്തിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപകകൃഷിനാശമാണ് റിപ്പോർ‍ട്ട് ചെയ്യപ്പെടുന്നത്. നിരവധി വീടുകൾ തകർന്നു. അതേസമയം കേരളത്തിൽ ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഇന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

 

മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെയുമാണ്. രാമനാഥപുരം, കടലൂർ, തഞ്ചാവൂർ, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടം റിപ്പോർട്ടുചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ മഴ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടും കെട്ടിടങ്ങൾ തകർന്നും വൈദ്യുതാഘാതമേറ്റും മരിച്ചവരുടെ എണ്ണം 19 ആയി.

 

ഒരു ലക്ഷം ഏക്കറിലെ കൃഷി നശിച്ചതായി തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. കാഞ്ചീപുരത്തിനടുത്ത് പലാർ നദിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നു പെൺകുട്ടികൾ മരിച്ചു. ഇതിൽ രണ്ടു പേർ സഹോദരിമാരാണ്. തഞ്ചാവൂരിന് സമീപം കുംഭകോണത്ത് ഭിത്തി തകർന്ന് ദമ്പതികൾ മരിച്ചു. പുതുക്കോട്ടയിലും മയിലാടു തുറയിലും വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരണമടഞ്ഞു. അതേസമയം അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.കേരളത്തിൽ ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശം.

Top