ദില്ലി: വില കുതിച്ചുയർന്നതോടെ തക്കാളിയെ ഒഴിവാക്കി ബർഗർ കിംഗ്. “തക്കാളിക്ക് പോലും ഒരു അവധി ആവശ്യമാണ്. ഭക്ഷണത്തിൽ തക്കാളി ചേർക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല,” എന്ന അറിയിപ്പാണ് ബർഗർ കിംഗ് ഇന്ത്യ ഔട്ട്‌ലെറ്റുകൾ നിന്ന് പുറത്തുവിട്ടത്.
ഇതോടെ ഉപയോക്താക്കൾ നോട്ടീസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സമീപകാല വിലക്കയറ്റമാണ് ഇതിന് കാരണമെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. പച്ചക്കറികളുടെ വിലക്കയറ്റം കാരണം മക്‌ഡൊണാൾഡ്‌സും സബ്‌വേ ഔട്ട്‌ലെറ്റുകളും കഴിഞ്ഞ മാസം ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, മറ്റ് വിഭവങ്ങൾ എന്നിവയിൽ നിന്ന് തക്കാളി ഉപേക്ഷിച്ചിരുന്നു. ദില്ലിയിൽ ഒരു കിലോ തക്കാളിയുടെ വില 170 മുതൽ 200 രൂപ വരെയാണ്. കനത്ത മഴയെ തുടർന്ന് വിതരണത്തിലുണ്ടായ തടസ്സങ്ങളാൽ വില വർദ്ധിച്ചു.
തക്കാളി, പച്ചക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ചില്ലറ പണപ്പെരുപ്പം ജൂലൈയിൽ 15 മാസത്തെ ഉയർന്ന നിരക്കായ 7.44 ശതമാനമായി ഉയർന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഭക്ഷ്യ ബാസ്കറ്റിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയിൽ 11.51 ശതമാനമായിരുന്നു, മുൻ മാസത്തെ 4.55 ശതമാനത്തിൽ നിന്നും 2022 ജൂലൈയിൽ 6.69 ശതമാനത്തിൽ നിന്നും ഗണ്യമായി ഉയർന്നു.
തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ ഭാരം കുറയ്ക്കാൻ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ചു. പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനായി ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി സംഭരിക്കാൻ നാഫെഡ്, എൻസിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങൾക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.