ആശ്രമം കത്തിച്ച കേസ്; തെളിവുകള്‍ കാണാനില്ല; അട്ടിമറിയെന്ന് സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍ക്കടവിലെ ആശ്രമം കത്തിച്ച കേസില്‍ ആദ്യം ശേഖരിച്ച പല തെളിവുകളും കാണാനില്ലെന്ന് പരാതി. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും നഷ്ടമായി. ആദ്യഘട്ടത്തിലെ അന്വേഷണസംഘത്തിന്റെ വീഴ്ചയാണിതെന്ന് നിലവിലെ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു. അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ അട്ടിമറി നടന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ആശ്രമം കത്തിച്ച കേസില്‍ നാലുവര്‍ഷവും നാലുമാസവും കഴിയുമ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പുതിയ അന്വേഷണസംഘം കേസുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ച പലതെളിവുകളും കാണാനില്ലെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും പല മൊഴിപ്പകര്‍പ്പുകളും നഷ്ടപ്പെട്ടതായി അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു.

ആശ്രമം കത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് ആദ്യം കേസ് അന്വേഷിച്ച സംഘത്തിന്റെ വീഴ്ചയാണെന്നാണ് പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചിട്ടുള്ളത്. അതേസമയം നിലവില്‍ അറസ്റ്റ് ചെയ്തവരുടെ കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശം ഉണ്ടെന്നും അന്വേഷണസംഘം പറയുന്നു.

Top