തിരുവല്ല : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്.
രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 65ശതമാനം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ കുത്തുമേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ റോഡില്‍ വെച്ച് പ്രതി തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ദേഹത്ത് ഒഴിച്ചത്.
നാട്ടുകാരാണ് യുവതിയുടെ ശരീരത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.