മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ബറോസ്. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തിറക്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്.
ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്ന് അദ്ദേഹം പറയുന്നു- “പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വര്‍ക്ക് തായ്‍ലന്‍ഡില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും”, മോഹന്‍ലാല്‍ പറയുന്നു.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.