ബംഗളൂരു:വടക്കന്‍ കര്‍ണാടകത്തിലെ ധാര്‍വാഡില്‍ ഒന്നിച്ചു പഠിച്ച യുവതികളുടെ വിനോദയാത്രാ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് ഡോക്ടര്‍മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ധാര്‍വാഡ് സിറ്റിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി ഇറ്റിഗട്ടി ഗ്രാമത്തില്‍ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. ദാവണഗെരെയിലെ വനിതാ ക്ലബ്ബിലെ അംഗങ്ങളായ യുവതികള്‍ അവധിയാഘോഷിക്കാന്‍ ഗോവയിലേക്കു പോവുകയായിരുന്നു. എതിര്‍ദിശയില്‍ ബെലഗാവിയില്‍ നിന്നു മണല്‍ കയറ്റിവന്ന ടിപ്പറുമായി യുവതികള്‍ സഞ്ചരിച്ച മിനി ബസ് കൂട്ടിയിടിച്ചാണ് അപകടം.
മിനി ബസിന്റെ ഡ്രൈവറും വനിതകളുമാണ് മരിച്ചത്. ബി.ജെ.പി. മുന്‍ എം.എല്‍.എ. ഗുരുസിദ്ധന ഗൗഡയുടെ മരുമകളും അപകടത്തില്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദാവണഗെരെ സെയ്ന്റ് പോള്‍സ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ നാലു പേര്‍ ഡോക്ടര്‍മാരും മറ്റുള്ളവര്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്.
ധാര്‍വാഡില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം ഗോവയ്ക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വാഹനം പൂര്‍ണമായി തകര്‍ന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ധാര്‍വാഡ് റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്‌കൂള്‍കാലം മുതല്‍ക്കേ ഉറ്റ ചങ്ങാതിമാരായിരുന്നു മരിച്ച യുവതികള്‍. അടുത്തിടെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുകൂടിയപ്പോഴാണ് ഗോവയ്ക്ക് വിനോദയാത്ര പോകാന്‍ പദ്ധതിയിട്ടത്. ഇവരില്‍ പലരും ദാവന്‍ഗെരെയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. ദാവണഗരെയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് യുവതികളിലൊരാളെടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ‘ഗോ ഗോവ വിത്ത് സ്‌കൂള്‍ ബഡ്ഡീസ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം യുവതി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.