പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയ്ക്ക് സമീപം അരിപ്രയില്‍ സ്വകാര്യ ബസ് വേളൂര്‍ ജുമാ മസ്ജിദിന്റെ മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരുക്കേറ്റു. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
രാവിലെ 7.30 ഓടെയാണ് അപകടം. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിലിടിക്കുകയും നിയന്ത്രണം വിട്ട് മസ്ജിദിന്റെ മിനാരത്തിനടുത്തുള്ള മിതിലില്‍ ഇടിച്ച് മറിയുകയുമായിരുന്നു. ഇതേതുടര്‍ന്ന് 10 മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിന് മേലേക്ക് പതിച്ചു. ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബടക്കം ബസിന് മേലെ തകര്‍ന്ന് വീണു. ബസ് പൂര്‍ണമായും തകര്‍ന്നു.
ഒന്നര മണിക്കൂര്‍ പണിപ്പെട്ടാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രണ്ട് ജെസിബികളടക്കം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. സംഭവ സ്ഥലത്തെ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.
അപകടത്തെ തുടര്‍ന്ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വിദ്യാര്‍ഥികളും ഇതര സംസ്ഥാനക്കാരായ നിരവധി തൊഴിലാളികളും ബസിലുണ്ടായിരുന്നു.