തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ബസ് ചാർജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാർജ് 30 രൂപയായും വർധിപ്പിച്ചിരുന്നു.
ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് ഇന്ന് മുതൽ 200 രൂപയാണ്. 1500 സിസിക്ക് മുകളിൽ ടാക്‌സി ചാർജ് 225 രൂപയാകും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കിയിട്ടുമുണ്ട്. വെയ്റ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റമില്ല. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും കൂടും.
ഓട്ടോ ടാക്‌സി നിരക്ക് വർധന സംബന്ധിച്ച സർക്കാർ വിജ്ഞാപനം രണ്ട് ദിവസം മുൻപാണ് പുറത്തിറങ്ങിയത്. എക്‌സ്പ്രസ്, സൂപ്പർ എക്‌സ്പ്രസ്, സൂപ്പർ എയർ എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമി സ്ലീപ്പർ, സിംഗിൾ ആക്‌സിൽ മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്‌ളോർ എസി എന്നിവയുടെ മിനിമം നിരക്കിൽ മാറ്റമില്ല.