തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന നാളെ മുതല്‍ നിലവില്‍ വരില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ ഒരാഴ്ചയാകും. ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിക്കണം. ഇതിന് ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഓര്‍ഡിനറി ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വര്‍ധന അനുസരിച്ച് വകുപ്പ് ഫെയര്‍ സ്റ്റേജ് നിശ്ചയിക്കാന്‍ ഒരാഴ്ച എടുക്കുമെന്നാണ് സൂചന.
മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തുന്നത്. മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞാല്‍ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്നും ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ വയ്ക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.
ഓട്ടോ ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി നിരക്ക് ഉയര്‍ത്തും. ടാക്‌സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകള്‍ നിലവില്‍ വരുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
വെയിറ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയില്‍ മാറ്റമില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാര്‍ജിന്റെ ദൂരം ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ ആക്കി ഉയര്‍ത്തി. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായ വര്‍ദ്ധനവല്ല ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.