തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ധാരണയിലെത്തിയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം 5 രൂപയാക്കണമെന്നും ആവശ്യമുണ്ട്. വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്നാണ് ഗതാഗത മന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതു പരിഗണിച്ചാണ് സമരം മാറ്റിവച്ചത്.
2018ല്‍ ഡീസലിന് ലീറ്ററിന് 63 രൂപയായിരുന്നപ്പോള്‍ നിശ്ചയിച്ച എട്ടു രൂപയാണ് ഇപ്പോഴും മിനിമ നിരക്കെന്ന് ബസുടമകള്‍ പറയുന്നു. നിലവില്‍ ഡീസലിന് നൂറു രൂപയ്ക്കടുത്താണു വില. ഈ സാഹചര്യത്തില്‍ മിനിമം നിരക്കും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.
മിനിമം നിരക്ക് 10 രൂപയാക്കുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണെന്നാണു സൂചന. എന്നാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.